Month: ഏപ്രിൽ 2024

ക്രിസ്തുവിലുള്ള നമ്മുടെ പുതിയ പ്രകൃതി

ഞങ്ങളുടെ കോണിഫറസ് മരത്തിൽ നിന്ന് പൈൻകോണും സൂചിയിലകളും കൊഴിയാൻ തുടങ്ങി. വൃക്ഷഡോക്ടർ മരത്തെ ഒന്നു നോക്കിയിട്ട് പ്രശ്‌നം എന്താണെന്നു വിശദീകരിച്ചു: “അതു കോണിഫർ സ്വഭാവം കാണിക്കുന്നു.’’ കുറെക്കൂടി നല്ല വിശദീകരണമാണ് ഞാൻ പ്രതീക്ഷിച്ചത്. അല്ലെങ്കിൽ ഒരു പരിഹാരം. പക്ഷേ അദ്ദേഹം തലയാട്ടിക്കൊണ്ടു വീണ്ടും പറഞ്ഞു, “അതു കോണിഫർ സ്വഭാവം കാണിക്കുകയാണ്.’’ മരം പ്രകൃത്യാ സൂചി പൊഴിക്കുന്നു. അതിനു മാറാൻ കഴികയില്ല.

നമ്മുടെ ആത്മീയ ജീവിതം മാറ്റാൻ കഴിയാത്ത പ്രവൃത്തികളാലോ മനോഭാവത്താലോ പരിമിതപ്പെട്ടുപോകുന്നില്ല എന്നതിനു നന്ദി. സ്വാതന്ത്ര്യം നൽകുന്ന ഈ സത്യം എഫെസൊസിലെ പുതിയ വിശ്വാസികളോട് പൗലൊസ് ഊന്നിപ്പറഞ്ഞു. ജാതികൾ “അന്ധബൂദ്ധികളാണ്,’’ അവരുടെ മനസ്സ് ദൈവത്തിനു നേരെ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു. “സകല അശുദ്ധിയും’’ നിറഞ്ഞു കഠിന ഹൃദയമാണവർക്കുള്ളത്, അത്യാഗ്രഹവും ദുഷ്‌കാമവും മാത്രമാണവർ പിന്തുടരുന്നത് (എഫെസ്യർ 4:18-19). 

എന്നാൽ നിങ്ങൾ “യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ‘പഴയ മനുഷ്യനെ ഉപേക്ഷിക്കുക’ എന്ന് അപ്പൊസ്തലൻ എഴുതി (വാ. 22).നമ്മുടെ പഴയ മനുഷ്യൻ എങ്ങനെയാണ് “ചതിമോഹങ്ങളാൽ വഷളായിപ്പോകുന്നത്’’ എന്ന് പൗലൊസ് ഓർപ്പിച്ചു. “നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ’’ (വാ. 23-24) എന്നവൻ ഉദ്‌ബോധിപ്പിച്ചു.

എന്നിട്ട് നാം ജീവിക്കേണ്ടതായ പുതിയ വഴികൾ അവൻ കാണിച്ചുതന്നു. ഭോഷ്‌കു പറയുന്നതു നിർത്തുക. കോപിക്കുന്നതു നിർത്തുക. ശപിക്കുന്നതു നിർത്തുക. മോഷണം നിർത്തുക. പകരം “മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കുക’’ (വാ. 28). ക്രിസ്തുവിലുള്ള നമ്മുടെ പുതിയ സ്വത്വം, നമ്മുടെ രക്ഷകന്റെ മാർഗ്ഗത്തിനു കീഴടങ്ങിയതും നമ്മുടെ വിളിക്കു യോഗ്യവുമായ ജീവിതം ജീവിക്കുവാൻ നമ്മെ സഹായിക്കും.

ദൈവത്തിന്റെ ഇന്നും എന്നേക്കുമുള്ള സാന്നിധ്യം

മൃണാളിനി പോരാട്ടങ്ങളെ നേരിടുകയായിരുന്നു. യേശുവിൽ വിശ്വസിക്കുന്നവരായ സ്‌നേഹിതർ അവൾക്കുണ്ടായിരുന്നു, അവർ പോരാട്ടങ്ങളെ നേരിടുന്ന രീതി അവൾക്കിഷ്ടമായിരുന്നു. അവരെക്കുറിച്ച് അവൾക്കല്പം അസൂയയും തോന്നിയിരുന്നു. എന്നാൽ അവരെപ്പോലെ ജീവിക്കാൻ തനിക്കു കഴിയുമെന്നു മൃണാളിനി കരുതിയില്ല. യേശുവിൽ വിശ്വാസം അർപ്പിക്കുന്നത് നിയമങ്ങൾ അനുസരിക്കലാണെന്ന് അവൾ ചിന്തിച്ചിരുന്നു. ഒടുവിൽ, അവളുടെ ജീവിതം ദുഷ്‌കരമാക്കുകയല്ല ദൈവത്തിന്റെ ഉദ്ദേശ്യമെന്ന് ഒരു സഹപാഠി അവളെ ബോധ്യപ്പെടുത്തി. മറിച്ച്, അവളുടെ ജീവിതം ഉയർച്ച താഴ്ചകൾ ഉള്ളതായിരിക്കുമ്പോഴും അവളുടെ നന്മയാണ് ദൈവം ആഗ്രഹിക്കുന്നത്. ഇതവൾ മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ, യേശുവിനെ തന്റെ രക്ഷകനായി സ്വീകരിക്കാനും തന്നോടുള്ള ദൈവസ്‌നേഹത്തിന്റെ അതിശയകരമായ സത്യത്തെ ആശ്ലേഷിക്കാനും അവൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.

മൃണാളിനിക്ക് സമാനമായ ഒരു ഉപദേശം നൽകാൻ ശലോമോൻ രാജാവിനു കഴിയുമായിരുന്നു. ഈ ലോകത്തിന് അതിന്റേതായ ദുഃഖങ്ങളുണ്ടെന്ന കാര്യം അവൻ അംഗീകരിച്ചു. തീർച്ചയായും, “എല്ലാറ്റിനും ഒരു സമയം ഉണ്ട്’’ (സഭാപ്രസംഗി 3:1), “വിലപിക്കാൻ ഒരു കാലം, നൃത്തം ചെയ്യാൻ ഒരു കാലം’ (വാ. 4). എന്നാൽ അതുകൊണ്ടു തീരുന്നില്ല. ദൈവം “നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു’’ (വാ. 11). അവന്റെ സാന്നിധ്യത്തിൽ ജീവിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു നിത്യതയാണത്. 

മൃണാളിനി യേശുവിൽ വിശ്വസിച്ചപ്പോൾ യേശു പറഞ്ഞതുപോലെ, അവൾ “സമൃദ്ധിയായ’’ ജീവൻ നേടി (യോഹ. 10:10). എന്നാൽ അവൾ അതിലധികവും കരസ്ഥമാക്കി. വിശ്വാസത്താൽ “ഹൃദയത്തിൽ ദൈവം വെച്ച നിത്യത’’ (സഭാപ്രസംഗി 3:11) ജീവിത പോരാട്ടങ്ങളെ വിസ്മരിക്കുന്നതും (യെശയ്യാവ് 65:17) ദൈവത്തിന്റെ മഹത്വപൂർണ്ണമായ സാന്നിധ്യം ഒരു നിത്യ യാഥാർത്ഥ്യമായിത്തീരുന്നതുമായ ഒരു ഭാവിയുടെ വാഗ്ദത്തമായി മാറി.

ദൈവത്തിന്റെ കരങ്ങളിൽ

ഡ്രില്ലിന്റെ ശബ്ദം അഞ്ചുവയസ്സുകാരി സാറയെ ഭയപ്പെടുത്തി. അവൾ ദന്തഡോക്ടറുടെ കസേരയിൽനിന്നു ചാടിയിറങ്ങി, തിരികെ കിടക്കാൻ കൂട്ടാക്കിയില്ല. അവളുടെ ഭയം മനസ്സിലാക്കിയ ഡോക്ടർ അവളുടെ പിതാവിനോടു പറഞ്ഞു, “ഡാഡി, കസേരയിൽ കിടക്കൂ.’’ അതെത്ര എളുപ്പമാണെന്ന് അവളെ കാണിക്കാനാണ് ഡോക്ടർ ഉദ്ദേശിക്കുന്നതെന്നാണ് ജെയ്‌സൺ കരുതിയത്. അപ്പോൾ ഡോക്ടർ കൊച്ചു പെൺകുട്ടിയുടെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു, “ഇനി മോൾ ഡാഡിയുടെ മടിയിൽ കയറിയിരിക്കൂ.’’ ഡാഡിയുടെ കൈകൾ അവളെ ചുറ്റിയപ്പോൾ അവൾ ശാന്തയാകുകയും ഡോക്ടർക്ക് തന്റെ ജോലി തുടരാൻ കഴിയുകയും ചെയ്തു.

ആ ദിവസം, തന്റെ സ്വർഗ്ഗീയ പിതാവിന്റെ സാന്നിധ്യം നൽകുന്ന ആശ്വാസത്തെക്കുറിച്ചുള്ള ഒരു വലിയ പാഠം ജെയ്‌സൺ പഠിച്ചു. 'ചില സമയത്ത് നാം കടന്നുപോകുന്ന പ്രതിസന്ധികളെ ദൈവം എടുത്തുമാറ്റുന്നില്ല (അതിനു തനിയുകയില്ല)'' അദ്ദേഹം പറഞ്ഞു. 'എന്നാൽ 'ഞാൻ നിന്നോടുകൂടെയുണ്ട്' എന്നവൻ എനിക്കു കാണിച്ചുതരുന്നു.''

പരിശോധനകളെ അഭിമുഖീകരിക്കുന്നതിനുള്ള ബലം നമുക്കു നൽകുന്ന ദൈവത്തിന്റെ ആശ്വാസദായക സാന്നിധ്യത്തെയും ശക്തിയെയും കുറിച്ച് സങ്കീർത്തനം 91 പറയുന്നു. അവന്റെ ബലമുള്ള കരങ്ങളിൽ  നമുക്കു വിശ്രമിക്കാം എന്നറിയുന്നത് നമുക്ക് വലിയ ഉറപ്പാണു നൽകുന്നത്. “അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും’’ (വാ. 15) എന്നത് തന്നെ സ്‌നേഹിക്കുന്നവർക്കുള്ള അവന്റെ വാഗ്ദത്തമാണ്.

ജീവിതത്തിൽ ഒഴിവാക്കാനാവാത്ത അനവധി വെല്ലുവിളികളും പരിശോധനകളും നാം നേരിടുന്നു; വേദനയിലൂടെയും കഷ്ടതയിലൂടെയും നാം കടന്നുപോകേണ്ടിവരും. എന്നാൽ ദൈവത്തിന്റെ ധൈര്യപ്പെടുത്തുന്ന കരം നമ്മെ ചുറ്റിയിരിക്കുമ്പോൾ നമുക്കു നമ്മുടെ പ്രതിസന്ധികളെയും സാഹചര്യങ്ങളെയും സഹിക്കുവാനും, അവയിലൂടെ നാം വളരുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ അവനെ അനുവദിക്കുവാനും നമുക്കു കഴിയും.

ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!

കുഞ്ഞു ഗ്രഹാമിനെ അമ്മ മടിയിൽ പിടിച്ചിരുത്തി, ഡോക്ടർ അവന്റെ ചെവിയിൽ ശ്രവണസഹായി ഘടിപ്പിക്കുമ്പോൾ അവൻ ബഹളം വയ്ക്കുകയും കുതറുകയും ചെയ്തുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുശേഷം ഡോക്ടർ ഉപകരണം ഓൺ ചെയ്തപ്പോൾ അവൻ കരച്ചിൽ നിർത്തി. അവന്റെ കണ്ണുകൾ വിടർന്നു. അവൻ ചിരിച്ചു. അവനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും അവന്റെ പേരു വിളിക്കുകയും ചെയ്യുന്ന അമ്മയുടെ ശബ്ദം അവനു കേൾക്കാൻ കഴിഞ്ഞു.

കുഞ്ഞു ഗ്രഹാം അമ്മയുടെ ശബ്ദം കേട്ടു എങ്കിലും അവളുടെ ശബ്ദം തിരിച്ചറിയാനും വാക്കുകളുടെ അർത്ഥം മനസ്സിലാക്കുവാനും പഠിക്കുന്നതിന് അവനു സഹായം ആവശ്യമായിരുന്നു. സമാനമായ ഒരു പഠന പ്രക്രിയയിലേക്ക് യേശു ജനത്തെ ക്ഷണിക്കുന്നു. ഒരിക്കൽ ക്രിസ്തുവിനെ നാം രക്ഷകനായി സ്വീകരിച്ചു കഴിഞ്ഞാൽ, അവൻ ആഴമായി അറിയുകയും വ്യക്തിപരമായി വഴിനടത്തുകയും ചെയ്യുന്ന ആടുകളായി നാം മാറുന്നു (യോഹന്നാൻ 10:3). അവന്റെ ശബ്ദം കേൾക്കാനും തിരിച്ചറിയാനും നാം പരിശീലിക്കുന്നതോടെ അവനിൽ ആശ്രയിക്കുന്നതിലും അവനെ അനുസരിക്കുന്നതിലും വളരാൻ നമുക്കു കഴിയും (വാ. 4).

പഴയ നിയമത്തിൽ, ദൈവം പ്രവാചകന്മാരിലൂടെ സംസാരിച്ചു. പുതിയ നിയമത്തിൽ, ജഡത്തിൽ വെളിപ്പെട്ട ദൈവമായ യേശു ജനത്തോടു നേരിട്ടു സംസാരിച്ചു. ഇന്ന്, യേശുവിലുള്ള വിശ്വാസികൾക്ക്, ബൈബിളിലൂടെ ദൈവം നമുക്കു നൽകിയിരിക്കുന്ന ദൈവത്തിന്റെ വാക്കുകൾ മനസ്സിലാക്കുവാനും അനുസരിക്കുവാനും നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കാൻ കഴിയും. യേശു തന്റെ വചനത്തിലൂടെയും തന്റെ ആളുകളിലൂടെയും നമ്മോടു സംസാരിക്കുമ്പോൾ തന്നേ, നമുക്ക് പ്രാർത്ഥനയിലൂടെ അവനോടു നേരിട്ടു സംസാരിക്കുവാനും കഴിയും. ദൈവത്തിന്റെ ശബ്ദം - അതെല്ലായ്‌പ്പോഴും ബൈബിളിലെ തന്റെ വചനത്തോട് പൊരുത്തപ്പെട്ടന്നതായിരിക്കും - നാം തിരിച്ചറിയുമ്പോൾ, “ദൈവമേ, ഞാൻ അങ്ങയുടെ ശബ്ദം കേൾക്കുന്നു!’’ എന്ന് നന്ദിയോടും സ്തുതിയോടും കൂടി പറയുവാൻ നമുക്കു കഴിയും.

സങ്കീർത്തനം 72 നേതാക്കൾ

2022 ജൂലൈയിൽ, ഇടപാടുകളിലെ സുതാര്യതയില്ലായ്മ നിമിത്തം ബ്രിട്ടന്റെ പ്രധാനമന്ത്രി പദവി രാജിവയ്ക്കാൻ നിർബന്ധിതനായി (പുതിയതായി സ്ഥാനമേറ്റ പ്രധാന മന്ത്രിയും ചില മാസങ്ങൾക്കുശേഷം രാജിവെച്ചു). ആരോഗ്യമന്ത്രി പാർലമെന്റിന്റെ വാർഷിക പ്രയർ ബ്രേക്ക്ഫാസ്റ്റിൽ സംബന്ധിക്കുകയും പൊതുജീവിതത്തിൽ സത്യസന്ധത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടാകുകയും ചെയ്തതിനെത്തുടർന്ന് രാജിവെച്ചതാണ് ഈ സംഭവത്തിനു തുടക്കമിട്ടത്, മറ്റു മന്ത്രിമാരും രാജിവെച്ചതോടെ താനും സ്ഥാനമൊഴിയേണ്ടതാണെന്ന് പ്രധാനമന്ത്രിക്കു ബോധ്യപ്പെട്ടു. സമാധാനപരമായ ഒരു പ്രാർത്ഥനാ യോഗത്തിൽനിന്ന് ഉടലെടുത്ത നിർണ്ണായക നിമിഷമായിരുന്നു അത്.

യേശുവിലുള്ള വിശ്വാസികൾ അവരുടെ രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (1 തിമൊഥെയൊസ് 2:1-2). അതു ചെയ്യുന്നതിനുള്ള മികച്ച വഴികാട്ടിയാണ് സങ്കീർത്തനം 72. അതിൽ ഭരണാധികാരിയുടെ ജോലിയുടെ വിവരണവും അതു നേടുന്നതിനു സഹായിക്കുന്ന ഒരു പ്രാർത്ഥനയും കൊടുത്തിരിക്കുന്നു. മാതൃകാ ഭരണാധികാരി നീതിയും സത്യസന്ധതയും പുലർത്തുന്ന വ്യക്തിയും (വാ. 1-2), എളിയവരെ സംരക്ഷിക്കുന്നവനും (വാ. 4), ദരിദ്രനെ സേവിക്കുന്നവനും (വാ. 12-13), പീഡനത്തെ എതിർക്കുന്നവനും (വാ. 14) ആയിരിക്കണം. പദവിയിലെ അവരുടെ സമയം ഉന്മേഷദായകമാണ്. അതു ഭൂമിയെ നനെക്കുന്ന വന്മഴപോലെ (വാ. 6), ദേശത്തു സമൃദ്ധി വരുത്തും (വാ. 3,7,16). മശിഹായ്ക്കു മാത്രമേ ഇത്തരമൊരു പദവി സമ്പൂർണ്ണമായി നിർവഹിക്കാൻ കഴിയുകയുള്ളു (വാ. 11) എന്നിരിക്കിലും ഇതിലും മികച്ച ഏതൊരു നേതൃത്വ നിലവാരമാണ് നമുക്കു ലക്ഷ്യം വയ്ക്കാൻ കഴിയുക?

ദേശത്തിന്റെ ആരോഗ്യം അതിലെ ഭരണാധികാരികളുടെ സത്യസന്ധതയാലാണ് നിലനിർത്തപ്പെടുന്നത്. നമ്മുടെ രാജ്യത്തിനായി “സങ്കീർത്തനം 72 നേതാക്കളെ’’ നമുക്കു തേടാം; ഒപ്പം അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലൂടെ ഈ സങ്കീർത്തനത്തിൽ കാണുന്ന സ്വഭാവ വൈശിഷ്ട്യങ്ങൾ അവരിൽ വിളങ്ങുന്നതിന് അവരെ സഹായിക്കാം.

വിനീതഹൃദയം, തുറന്ന കൈകൾ

 

"എന്റെ സ്വപ്നങ്ങളിൽ ഭൂരിഭാഗവും ബസുകളും, ട്രെയിനുകളും ബാക്ക്പാക്കുകളുമാണ് ഞാൻ കാണുന്നത്. അതിന് പാരമ്പര്യമായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായിരിക്കുമോ?" എന്ന് ആമി പീറ്റേഴ്സൺ ആശ്ചര്യപ്പെടുന്നു. ലോകത്തെ കാണാനും അതിൽ മാറ്റം വരുത്താനുമുള്ള അഭിനിവേശം ചെറുപ്പം മുതലേ അവൾക്കുണ്ടായിരുന്നു. ആ സ്വപ്നങ്ങളിൽ പലതും യാഥാർത്ഥ്യമാക്കിയ ശേഷം, കാര്യങ്ങൾ ഒരിക്കലും നമ്മൾ പ്രതീക്ഷിക്കുന്നത് പോലെയല്ലെന്ന് അവൾ മനസ്സിലാക്കി.

ആതിഥ്യമര്യാദയുടെ പ്രാധാന്യവും, വചനപ്രകാരമുള്ള അതിന്റെ ആവശ്യകതയെയും കുറിച്ച് തന്റെ പല വിദേശയാത്രകളിൽ നിന്നും, ഭർത്താവ് ജാക്കിനൊപ്പം പല രാജ്യങ്ങളിൽ നിന്നുള്ളവരോടൊപ്പം താമസിച്ചപ്പോഴും അവൾ പഠിച്ചു. നമുക്ക് അതിനെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളും, ഭയവും,…